പുകയത്തു വച്ച തുരുത്തി



ജെ പി വെണ്ണിക്കുളം 

സങ്കീർത്തനങ്ങൾ 119:83ൽ  ഇങ്ങനെ വായിക്കുന്നു "പുകയത്തുവച്ച തുരുത്തി പോലെ ഞാൻ ആകുന്നു; എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല".

കഷ്ടത ഇല്ലാത്ത മനുഷ്യ ജീവിതം ഉണ്ടോ? എല്ലാവർക്കും ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ കഷ്ടതകളുണ്ട്. ലോകത്തിൽ ആയിരിക്കുന്നിടത്തോളം കഷ്ടത ഉണ്ടെന്നാണ് യേശു പറഞ്ഞത് (യോഹന്നാൻ 16:33). എങ്കിലും തളർന്നു പോകാതിരിക്കുന്നതിന്റെ കാരണം കർത്താവു കൂടെയുള്ളതുകൊണ്ടാണ്. കഷ്ടത പെരുകിവരുമ്പോൾ തന്നെ ആശ്വാസവും പെരുകിവരുന്നു (2 കൊരിന്ത്യർ 1:5) എന്നാണ് പൗലോസും പറഞ്ഞിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഈ ലോകത്തിലെ കഷ്ടതകൾക്ക് ഒരു ഭക്തനെ തളർത്തിക്കളയുവാൻ സാധ്യമല്ല. ക്രിസ്തുവിനോടുള്ള സ്നേഹം ആണ് ഇവയെല്ലാം സഹിക്കുവാൻ നമ്മെ നിര്ബന്ധിതരാക്കുന്നത്.
പുരാതന കാലത്തു വെള്ളവും വീഞ്ഞും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന തോൽസഞ്ചിയാണ് തുരുത്തി. ഉപയോഗം കഴിയുമ്പോൾ ഇത് പുകയത്തു വയ്ക്കുക പതിവാണ്. പുകയത്തു ഇരിക്കുന്നതു കൊണ്ട്  ഈ തുരുത്തിയുടെ നിറവും ഭംഗിയും മാറിപ്പോകാറുണ്ട്. എങ്കിലും അതിന്റെ ഉറപ്പിന് കോട്ടം സംഭവിക്കുന്നില്ല. ദൈവം തന്റെ ഭക്തന്മാരെ കഷ്ടതയിലൂടെ കടത്തിവിടാറുണ്ട്. ഇയ്യോബ് പറയുന്നു;  'എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും' ( 19:26). അതെ ദൈവം തന്നെ ശോധന കഴിച്ചാൽ പൊന്നുപോലെ പുറത്തുവരുമെന്ന് ഇയ്യോബ് വിശ്വസിച്ചു(23:10). തോൽക്കുടം അഥവാ തുരുത്തി പുകഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, ദൈവീക പ്രമാണം വിട്ടുമാറാതിരിക്കും എന്നത് ഒരു ഭക്തന്റെ തീരുമാനം ആയിരിക്കേണം. ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടി വന്നാൽ ലജ്ജിക്കരുത് എന്ന് പത്രോസും പറയുന്നു (1 പത്രോസ് 4:17). 
പുകയത്തു വച്ചിരിക്കുന്ന തുരുത്തി വിരൂപമായിരിക്കാം. കരിപുരണ്ട തുരുത്തിയെ ലോകത്തിനു ആവശ്യമില്ല.  എന്നാൽ ഏതു വിരൂപവും ദൈവത്തിന്റെ ദൃഷ്ടിയിൽ കോമളത്വം ഉള്ളതാകും. ലോകത്തിന്റെ ദൃഷ്ടിയിൽ ഭോഷത്വം എങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ ശ്രേഷ്ഠമാണു. ഉപയോഗം കഴിഞ്ഞു എന്ന് കരുതി പുകയത്തു വച്ച അവസ്ഥയിലാണ് തുരുത്തിയുടെ സ്ഥാനം എങ്കിലും  വീണ്ടും ഉപയോഗിക്കാൻ .കഴിയും. അതെ 'ഉണങ്ങിയ അസ്ഥികൾ' വീണ്ടും ജീവിക്കും. ഒരു സൈന്യമായി എഴുന്നേറ്റുവരും. മനുഷ്യൻ തള്ളിക്കളയുന്നതിനെ ദൈവം തെരഞ്ഞെടുക്കുന്നു. അത് യോഗ്യത നോക്കിയല്ല; കൃപയാലല്ലോ നാം വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. 
ഈ ലോകത്തിലെ കഷ്ടതകൾ നൊടിനേരത്തേക്കേയുള്ളു (2 കൊരിന്ത്യർ 4 :17 ). നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ ലോകത്തിലെ കഷ്ടതകൾ സാരം ഇല്ലെന്ന് എണ്ണുവാൻ കഴിയും (റോമർ 8:18). ഈ ഭൂമിയിലെ കഷ്ടതകൾ വേഗം തീരുകയും നാം പറന്നു പോകുകയും ചെയ്യും. ഇതാണ് ഒരു ഭക്തന്റെ പ്രത്യാശ. അതുകൊണ്ടു നാം തളരില്ല. കർത്താവ് നമ്മെ സഹായിക്കും. 

Contact

Name

Email *

Message *