എല്ലാവരും അങ്ങനെയാ  പിന്നെന്താ എനിക്ക്?


അടുത്തയിടെ കേരളത്തിനു വെളിയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന ഒരു വിദ്യാർഥിയെ പരിചയപ്പെട്ടു. ഞാൻ ഒരു യൂത്ത് കൌണ്‍സിലർ ആണെന്ന് പരിചയപ്പെടുത്തിയപ്പോൾ തന്നെ ആ വിദ്യാർഥി പേടിച്ചുപോയി. കൌണ്‍സിലറിനോട് ചങ്ങാത്തം കൂടുന്നത് ശരിയല്ലെന്നും അവർക്ക് എല്ലാം മനസിലാകുമെന്നുമായിരുന്നു ആ വ്യക്തി പറഞ്ഞത്. ഏതായാലും എന്നോട് ചങ്ങാത്തം കൂടാനുള്ള മടി എങ്ങനെയോ മാറികിട്ടി. 
ക്യാമ്പസ് വിശേഷങ്ങളെക്കുറിച്ചും ആത്മീയ ജീവിതത്തെക്കുറിച്ചും ഞാൻ ചോദിച്ചു. നാട്ടിലെ ഒരു പ്രമുഖ പാരമ്പര്യ പെന്തെകൊസ്ത് സഭയിലെ അംഗമാണ്. വളരെ നല്ല ശിക്ഷണത്തിലാണ് വളർന്നത്. പഠിക്കാൻ സമർത്ഥൻ. നാട്ടിൽ അത്യാവശ്യം പേരുണ്ട്.ചില വർഷങ്ങൾക്കു മുൻപ് അന്യസംസ്ഥാനത്തിലേക്ക് പോകുമ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു. അവിടെ ചെന്നുകഴിഞ്ഞു സ്ഥിതി മാറി. നല്ല 'ഉഗ്രൻ' സുഹൃത്തുക്കളെയാണ് കിട്ടിയത്. അവർ പരസ്പരം അഭിവാദ്യം ചെയ്യുന്നത് തന്നെ തെറിവിളിച്ചുകൊണ്ടാണെന്നത്‌ നടുക്കത്തോടെയാണ് കേട്ടത്. കൂട്ടിൽ നിന്നും പുറത്തുപോയ തത്തയെപ്പോലെ കിട്ടിയ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. ആരും ചോദിക്കാൻ ഇല്ലല്ലോ?  വർഷങ്ങളായി ഒരിക്കൽ പോലും ചർച്ചിൽ പോയിട്ടില്ല. ഹോസ്റ്റലിൽ നിന്നും വിടില്ല എന്നാണു ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് മനസ്സിലായി 'വിട്ടാലും പോകില്ല'. ആരോടാണ് പകതീർക്കുന്നതു എന്ന എന്റെ ചോദ്യത്തിന്, ആരോടുമുള്ള വാശിയല്ല, ഞാൻ ചെയ്തുകൂട്ടിയ പാപം നോക്കിയാൽ ചർച്ചിൽ പോകാൻ തോന്നുന്നില്ല. അവിടെങ്ങാനും പാസ്റ്റർമാർ തന്റെ പാപജീവിതത്തെ വെളിപ്പെടുത്തിയാൽ പെട്ടുപോകില്ലേ? ഏതു കാര്യത്തിനും കള്ളം പറയുകയും അസഭ്യവർഷം ചൊരിയുകയും തല്ലുകൂടുകയും ലഹരി ഉപയോഗിക്കുകയും വഴിവിട്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന തനിക്കു ദൈവം എന്ന് കേട്ടാൽ തന്നെ ഇപ്പോൾ ഭയമാണ്.
അല്ലയോ മാതാപിതാക്കളെ, നിങ്ങളിൽ പലരുടെയും കുട്ടികളുടെ അവസ്ഥ ഇങ്ങനെയാണ്.അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പ്രാർഥിച്ചു അയയ്ക്കുമ്പോൾ ഏറെ പ്രതീക്ഷകളായിരുന്നു. എന്നാൽ  പുറമേ ആത്മീയത അഭിനയിച്ചു കാണിക്കുന്ന ഇവർ ചെയ്യുന്നത് പലതും അറിയണമെങ്കിൽ അവർ പഠിക്കുന്ന സ്ഥാപനത്തിൽ ചെല്ലണം. സൗഹൃദം നല്ലതാണ്. അതിനെ തെറ്റായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നത് ദോഷകരമാണ്. പഠനാവശ്യങ്ങൾക്ക് അയച്ചു കൊടുക്കുന്ന പണം ധൂർത്തടിക്കുമ്പോൾ നിങ്ങൾ അറിയാറില്ല. പിന്നീട് പണം ആവശ്യം വരുമ്പോഴൊക്കെ പലരും ശരീരം കാഴ്ചവയ്ക്കാനും മടിക്കുന്നില്ല. 
ഈ തലമുറകളുടെ പോക്ക് എങ്ങോട്ടാണ്? നിങ്ങൾക്ക് ഇവരെക്കുറിച്ച് ഒരു വിചാരവുമില്ലെ? അതോ മക്കൾ മിടുക്കരാണെന്ന് ഇപ്പോഴും ചിന്തിചിരിക്കുകയാണോ? തിരക്കേറിയ ജീവിതത്തിനിടയിൽ അവരെ അന്വേഷിക്കാൻ നിങ്ങൾക്ക് സമയമില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും. അരുതാത്തത് പലതും അവരുടെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞിട്ട് ദുഖിച്ചിട്ടു എന്ത് കാര്യം?  അവരെ ഓർത്തു പ്രാർഥിക്കുക. ക്ഷേമങ്ങൾ അന്വേഷിക്കുക. അവരുടെ എല്ലാത്തരം 'ഇടപാടുകളെ'ക്കുറിച്ചും അറിഞ്ഞിരിക്കണം. എന്റെ മക്കൾ തെറ്റിപോകില്ല എന്ന് അന്ധമായി വിശ്വസിച്ചാൽ നിങ്ങൾക്ക് തെറ്റി. അവർ നിങ്ങൾക്ക് പ്രിയരാണ്. ദൈവ വഴിയിൽ  നടക്കേണ്ട അവരെ പിശാചു പന്താടുന്നത് മറന്നുപോകല്ലേ?

Contact

Name

Email *

Message *