താലന്തുപരിശോധനകളും ചില ചിന്തകളും


ജെ പി വെണ്ണിക്കുളം
എല്ലാ പെന്തെകൊസ്തു സഭകളുടെയും യുവജനവിഭാഗങ്ങളുടെ താലന്തുപരിശോധന ആരംഭിക്കാൻ പോകുന്ന സമയമാണല്ലോ. കഴിഞ്ഞ കുറെ വർഷങ്ങളായി വിധികർത്താവായി പോകുന്നതുകൊണ്ടു നേരിട്ട് കണ്ട കാര്യങ്ങളെക്കുറിച്ചു ഒന്ന് വിശകലനം ചെയ്യാൻ ആഗ്രഹിക്കുന്നു.നമ്മുടെ കുട്ടികൾ ഇനിയും ഏറെ മുന്നേറേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് ഉണ്ടായത്. പല മേഖലകളിലും മാറ്റങ്ങൾ ആവശ്യമാണ്.
ഒന്നാമതായി
കഴിഞ്ഞ ദീർഘ വർഷങ്ങളായി പിന്തുടരുന്ന രീതികളിൽ മാറ്റം വരണം.ഇടയ്ക്കിടെ മത്സര ഇനങ്ങൾ പരിഷ്കരിക്കാം. മത്സരം ആരോഗ്യകരമായിരിക്കണം. ആരോടോ ഒക്കെയുള്ള  വാശിയും വൈരാഗ്യവും തീർക്കാനുള്ള വേദികളല്ല മത്സരസ്ഥലങ്ങൾ. ദൈവം നൽകിയ കഴിവുകൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങളിലൂടെ ദൈവ നാമം ഉയരണം. നിസ്സാരമായ കാര്യങ്ങളുടെ പേരിൽ പോലും പല സ്ഥലങ്ങളിലും വാഗ്‌വാദങ്ങൾ ഉണ്ടാകാറുണ്ട്.ചിലപ്പോൾ നിസ്സാര പോയിന്റിന് ചാംപ്യൻഷിപ് നഷ്ടപ്പെട്ടതിനാലാകാം.വിധിയെ മാനിക്കണം.ഒരാൾക്ക് തന്നെ എല്ലാ വർഷവും വിജയിയാകാൻ കഴിഞ്ഞെന്നു വരില്ല. ഇന്നലെ ഒരാൾ  ചാമ്പ്യൻ ആയെങ്കിൽ ഇന്നത് മറ്റൊരാൾ ആയാൽ അത്ഭുതപ്പെടാനില്ല. എല്ലാവർക്കും 'ഒരു ദിവസം' ഉണ്ടെന്നു പറയാറുണ്ടല്ലോ. അതിപ്പോൾ ആവർക്കുള്ള സമയമാകാം. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണെങ്കിൽ അത് അങ്ങനെ തന്നെ ആയിരിക്കണം. അല്ല സംഘടകർക്കാണെങ്കിൽ അങ്ങനെയും. വിധികർത്താക്കൾ മുഖം നോക്കാതെ വിധിക്കുന്നവരാകണം. ആരോടും പക്ഷപാതം പാടില്ല. വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യമുള്ളവരെയാണല്ലോ വിധികർത്താക്കളായി വിളിക്കുന്നത്. അവർക്കു സ്വാതന്ത്ര്യമായി പ്രവർത്തിക്കുവാനുള്ള വേദി ഒരുക്കണം.
അടുത്തതായി, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ നല്ല തയ്യാറെടുപ്പുകൾ നടത്തണം. വെറുതെ ഒന്ന് മത്സരിച്ചേക്കാം എന്ന ചിന്ത പാടില്ല. ഏതൊക്കെ ഇനത്തിൽ മത്സരിക്കുന്നുവോ ആ വിഷയങ്ങളിൽ നല്ല പരിശീലനം നടത്തണം. പാട്ടു പാടുന്നവർ വേദിയിൽ ചെല്ലുമ്പോൾ ഞാൻ പാടിക്കൊള്ളാം എനിക്ക് പ്രാക്ടീസ് വേണ്ട എന്ന ചിന്ത ബാലിശമാണ്. പലതവണ പാടിനോക്കി ശ്രുതി താളം ഇവയെല്ലാം ശരിയാണെന്നു ഉറപ്പാക്കണം. പാട്ടു എഴുതിയവർ എഴുതിയ വരികളിൽ അതെ ടൂണിൽ തന്നെ പാടണം. ഇന്ന് കിട്ടുന്ന പല സി ഡി കളിലും ഓരോരുത്തർ അവർക്കു ഇഷ്ടമുള്ളതുപോലെ വരികൾ മാറ്റി പാടാറുണ്ട്. അത് അപ്പാടെ പകർത്തുന്ന കുട്ടികൾ തെറ്റാണ് പാടുന്നത്. മറ്റുചിലർ, പാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ തെറ്റ് പറ്റിയാലും മറ്റുള്ളവർ അറിയാതെ വളരെ വിദഗ്ധമായി വീണ്ടും പാടും. അതും ശരിയല്ല. തെറ്റുപറ്റി എന്ന് തോന്നിയാൽ നിർത്തണം അതാണ് വേണ്ടത്. പാട്ടു തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വ്യക്തിപരമായി പാടേണ്ട പാട്ടുകളും സമൂഹമായി പാടേണ്ട പാട്ടുകളും തിരിച്ചറിഞ്ഞു പാടണം.സമൂഹ ഗാനത്തിൽ ടീം മെംബേർസ് നു പ്രത്യേക പരിശീലനം നൽകി സെക്കൻഡ്‌സ് നൊട്ടേഷൻ എന്നിവയോടുകൂടി പാടുവാൻ ശ്രമിക്കുക.പാട്ടു മികച്ചതാക്കിത്തീർക്കുവാൻ വിദഗ്ധ പരിശീലനം ആവശ്യമെങ്കിൽ സംഗീതത്തിൽ പ്രാവീണ്യമുള്ളവരുടെ സഹായം തേടാനാവുന്നതാണ്.
പ്രസംഗിക്കുമ്പോഴും ലഭിക്കുന്ന വിഷയത്തോട് നീതി പുലർത്തണം. നൽകപ്പെട്ട സമയത്തിനുള്ളിൽ തന്നെ പറയാനുള്ളത് ക്രമമായി പറയണം. ബൈബിളിലെ ഒരുപാട് വാക്യങ്ങൾ എടുത്തു പ്രസംഗിക്കുന്നതിലല്ല എടുക്കുന്ന വാക്യങ്ങൾ കൃത്യതയുള്ളതായിരിക്കണം. വിഷയം കിട്ടിയാൽ ആ വിഷയം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം.അടുത്തയിടെ ഒരാൾ പ്രസംഗിച്ചു ടൈം ഔട്ട് ആയിട്ടും  പ്രസംഗം തുടർന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്, 'നിയോഗം' ഉള്ളപ്പോഴല്ലേ ഇത് പറ്റുകയുള്ളു എന്ന്! മത്സര വേദികൾ 'നിയോഗം' കാണിക്കാനുള്ള വേദികളല്ല മറിച്ചു മത്സരാർത്ഥിക്കു നൽകപ്പെട്ട വിഷയത്തെക്കുറിച്ചും എത്ര മാത്രം ഗ്രാഹ്യം ഉണ്ടെന്നു പരിശോധിക്കലാണ് നടത്തുന്നത്. നല്ല പ്രസംഗങ്ങൾ ചെയ്യുവാൻ ബൈബിൾ നന്നായി വായിക്കുന്നതോടൊപ്പം തന്നെ നല്ല പ്രസംഗങ്ങൾ കേൾക്കണം. അല്ലെങ്കിൽ ഉപദേശ പിശകുകൾ വിളിച്ചുപറയും. യു ടൂബിലും മറ്റും നല്ല പ്രസംഗങ്ങൾ കേൾക്കാൻ പറ്റും.  അവരുടെ ശൈലി അനുകരിക്കുകയല്ല വിഷയത്തെക്കുറിച്ചുള്ള ആഴമായ അറിവാണ് വേണ്ടത്. കർത്താവിന്റെ വരവിനെക്കുറിച്ചു അടുത്തയിടെ പ്രസംഗിച്ച ഒരാൾ മഹോപദ്രവ കാലത്തെക്കുറിച്ചു പരാമർശിച്ചപ്പോൾ പറഞ്ഞത്, മഹോപദ്രവം 7 വർഷമാണ്, അതു മൂന്നര സ്വർഗ്ഗത്തിലും മൂന്നര ഭൂമിയിലും ആണെന്നാണ്! ഇത് ഗുരുതരമായ ഉപദേശ പിശകാണ്. മഹോപദ്രവ കാലത്തിനു മുൻപേ സഭ എടുക്കപ്പെടുമെന്നും മഹോപദ്രവത്തിൽ ഉൾപ്പെടുന്നവർ 7 വർഷവും ഭൂമിയിൽ തന്നെ ആയിരിക്കുമെന്നും പീഡ ഭൂമിയിൽ തന്നെയാണെന്നും വചനം പഠിച്ചാൽ മനസിലാകും. 'നീ', 'നിങ്ങൾ' എന്നീ  പ്രയോഗങ്ങൾ ഒഴിവാക്കി 'നാം', 'നമ്മൾ' എന്നീ നിലകളിൽ ഉപയോഗിക്കുക.  പ്രസംഗത്തിന് അനുയോജ്യമായ അംഗവിക്ഷേപങ്ങളും കണ്ണുകളുടെ ചലനങ്ങളും ശരീര ഭാഷയും ഉണ്ടാകണം. വർത്തമാനകാല സംഭവങ്ങളെക്കൂടി കോർത്തിണക്കി പ്രായോഗിക തലം കൂടി മെച്ചപ്പെടുത്തണം.
എഴുത്തു മത്സരങ്ങളിൽ പങ്കെടുക്കുന്നവർ തങ്ങൾക്കു ലഭിക്കുന്ന വിഷയത്തെക്കുറിച്ചു വ്യക്തമായി മനസിലാക്കിയിരിക്കണം. വാരിവലിച്ചു എഴുതുകയല്ല  കാതലായ വിഷയങ്ങൾ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ട് ചിട്ടയോടെ എഴുതുകയാണ് വേണ്ടത്. പ്രത്യേകം ശ്രദ്ധ നൽകേണ്ട ഭാഗങ്ങളിൽ അടിവരയിടുകയോ ഉപശീർ ഷകങ്ങൾ നൽകുകയോ ആവാം. എഴുതുമ്പോൾ ആരോഗ്യകരമായ വിമർശനങ്ങൾ ആകാം. വിമർശനങ്ങൾ അതിരു കടന്നു 'നീ നന്നായാൽ നിനക്ക് കൊള്ളാം' എന്നൊരാൾ എഴുതിയപോലെ ആകും. കവിത എഴുതുന്നവർ പല്ലവി തിരിച്ചു എഴുതുന്നത് നന്നായിരിക്കും. കവിത കവിതയായിരിക്കണം വൃത്തം നോക്കി മാർക്ക് ഇടുന്നവരും ഉണ്ടെന്നു ഓർക്കുക. പദ്യം ഒരിക്കലും ഗദ്യമായി പോകരുത്. ചിത്രം വരയ്ക്കുമ്പോഴും നന്നായി ഭാവന കണ്ടു വരയ്ക്കണം. അടുത്തയിടെ യോർദ്ദാനിൽ സ്നാനപ്പെടുന്ന യേശുവിനെക്കുറിച്ചുള്ള വിഷയം വരയ്ക്കാൻ കൊടുത്തപ്പോൾ യോർദ്ദാനിൽ ഒറ്റയ്ക്ക് സ്നാനപ്പെടുന്ന യേശുവിനെ വരച്ചതായും കണ്ടു! അതിൽ സ്നാപകൻ ഉണ്ടാകണം യേശു ഉണ്ടാകണം കാഴ്ചക്കാർ ഉണ്ടാകണം പിന്നെ ഭാവനാ സമ്പന്നമായ മറ്റു വരകൾ ആകാം.
ബൈബിൾ സംബന്ധമായ ഏതു മത്സരങ്ങളിലും ബൈബിൾ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിൽ ഉപയോഗിക്കാം. ബൈബിൾ പൊതുവിജ്ഞാന വിഷയത്തിലും പലരും നന്നായി ശോഭിക്കാറില്ല. കാരണം ബൈബിളുമായി ബന്ധമില്ലാത്ത കൊണ്ടാണ്. കുട്ടികൾ ഉത്സാഹം കാണിക്കണം എന്ന് പറയുമ്പോൾ തന്നെ അവരെ ഉത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കും സഭയ്ക്കും ഉണ്ട്. പല മാതാപിതാക്കളും  കുട്ടികളെ സണ്ടേസ്‌കൂളിനു പോലും ഉത്സാഹിപ്പിച്ചു വിടാറില്ല എന്നത് ഖേദകരമാണ്.
അടുത്ത് എന്ത്?
മത്സരത്തിൽ പങ്കെടുത്തു വിജയികൾ ആകുന്നവർക്കു ഇനി ഒരു വര്ഷം കാത്തിരുന്നാൽ മാത്രമേ അടുത്ത മത്സരം വരൂ. എന്നാൽ ആ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു കൂടുതൽ പരിശീലനം ലഭിക്കുന്ന വേദികൾ ഉണ്ടാകണം. നന്നായി പാട്ടു പാടുന്നവർ മത്സരത്തിൽ പങ്കെടുത്തു പാടുമ്പോൾ തന്നെ സംഗീത പരിശീലനം നടത്താൻ കൂടി ശ്രമിക്കുന്നത് നന്ന്. എല്ലാവര്ക്കും അത് സാധിക്കില്ലായിരിക്കാം എന്നാലും ശ്രമിക്കുക. എഴുതുന്നവരെ പരിശീലിപ്പിക്കുന്ന വേദികൾ വേണം.അവരുടെ കൃതികൾ പ്രസിദ്ധീകരണ യോഗ്യമാക്കിയാൽ നാളെ അവർക്കു കൂടുതൽ ശോഭിക്കാൻ പറ്റും.
ഒടുവിലായി...
ഏറ്റവും നന്നായി വിഷയങ്ങൾ അവതരിപ്പിക്കുക. എല്ലാറ്റിനും ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി തന്നെ  മത്സരിക്കുക.ആരോഗ്യകരമായ മത്സരങ്ങൾക്കായി മാതാപിതാക്കൾ കുട്ടികളെ തയ്യാറാക്കണം. നാളെകളിൽ  ഈ വിഷയങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകട്ടെ.

Contact

Name

Email *

Message *